Latest Updates

ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ശ്വസന ശേഷിയെ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജസ്വലത നല്‍കുകയും ചെയ്യും. ഹൃദയത്തെയും പേശികളെയും ആരോഗ്യകരമാക്കുകയും രക്തപ്രവാഹം നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ പതിവായി വ്യായാമം ചെയ്യുന്നത് ജോലി ചെയ്യാനുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കും. 

വ്യായാമം ചെയ്യുന്നതിലൂടെ, നമ്മുടെ ശരീരത്തില്‍ നിന്ന് എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണുകള്‍ സ്രവിക്കുന്നു, ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒപ്പം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുന്നു, ഇത് കാരണം എല്ലാ ആന്തരിക അവയവങ്ങള്‍ക്കും ശരിയായ അളവില്‍ രക്ത വിതരണം ലഭിക്കുകയും നമ്മുടെ മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തലച്ചോറിനെ സജീവമാക്കി പുതിയ മസ്തിഷ്‌ക കോശങ്ങളുടെ രൂപീകരണത്തിന് വ്യായാമം സഹായിക്കുന്നു. മാത്രമല്ല ശാരീരികമായി സജീവമായ ആളുകള്‍ക്ക് ആയുസ് കൂുടുമൈന്നാണ് പഠനങ്ങള്‍ പറയുന്നത്. 

വ്യായാമം ചെയ്യുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. വ്യായാമത്തിന് ശേഷമുള്ള  വിശ്രമം പോലും കലോറി കത്തിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ ബാധിക്കുന്നു. മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ എച്ച്ഡിഎല്‍ അതായത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ വ്യായാമം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് എയ്‌റോബിക് ഫലപ്രദമാണ്.

സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ പലതരത്തിലുള്ള ക്യാന്‍സര്‍, പ്രത്യേകിച്ച് വന്‍കുടല്‍, രക്താര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക്ക് വരാനുള്ള സാധ്യത 50% കുറവാണ്. പതിവായി വ്യായാമം ചെയ്യുന്നത് അസ്ഥി ധാതുക്കളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു, ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു., പതിവായി വ്യായാമം ചെയ്യുന്നവര്‍ക്ക്  നല്ല ഉറക്കം  ലഭിക്കുകയും അവര്‍ രാവിലെ ഫ്രഷ് ആയി എഴുന്നേല്‍ക്കുകയും ചെയ്യുമെന്ന്.  


ശാരീരിക രൂപം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമം സഹായകമാണ്. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ, വാര്‍ദ്ധക്യ പ്രക്രിയ മന്ദഗതിയിലാവുകയും, ദീര്‍ഘകാലം ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും തുടരാനും സാധിക്കും. വെയ്റ്റ് ട്രെയിനിംഗ് പോലുള്ള വ്യായാമങ്ങള്‍ പതിവായി ചെയ്യുന്നതിലൂടെ, പേശികളില്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ സ്രവിക്കുന്നു, ഇത് ഊര്‍ജ്ജവും സ്റ്റാമിനയും വര്‍ദ്ധിപ്പിക്കുന്നതിലൂടെ ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കുന്നു. പതിവ് വ്യായാമം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു, ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പുറമേ, ടൈപ്പ്-2 പ്രമേഹം പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ, ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും കൂടുതല്‍ ഓക്‌സിജന്‍ എടുക്കുകയും ചെയ്യുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് നടുവേദന വരാനുള്ള സാധ്യത കുറവാണ്. വ്യായാമം നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, പതിവ് വ്യായാമത്തിന്റെ ഫലം സെര്‍ട്രലൈന്‍ പോലുള്ള ആന്റീഡിപ്രസന്റുകളുടേതിന് സമാനമാണ്. ആഴ്ചയില്‍ 4-5 ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ മെച്ചപ്പെടുത്തുന്നു. 

Get Newsletter

Advertisement

PREVIOUS Choice